ഈജിപ്തില്‍ വിജയിച്ച, ഇപ്പോഴും ലിബിയടക്കമുള്ള അറബ് നാടുകളില്‍ നടന്നു കൊണ്ടിരിക്കുന്ന, ഇന്ന് ലോകം 'ജാസ്മിന് വിപ്ലവം' എന്ന് പേര്ചൊല്ലി വിളിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് വേഗതകൂട്ടാന്‍ 'ഫൈസ് ബുക്ക്' പോലോത്ത സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളുടെ സാന്നിധ്യം പോയ നാളുകളുടെ വിശേഷങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. നൈല്‍ നദിക്ക് കുറുകെ മുമ്പൊരു വിമോചകന് വിമോചനത്തിന്റെ മാര്‍ഗ്ഗം തെളിച്ചിരുന്നുവെന്നത് പോയ ചരിതത്തിലെ അവിസ്മരണീയമായ ഒരേട്. ഇന്നതേ തീരങ്ങളിലെ സമൂഹം അവരാല്‍ തന്നെ സ്വാതന്ത്ര്യത്തിലേക്കുള്ള പാലം പണിതുവെന്നത് വര്‍ത്തമാന ചരിത്രം. സ്വാതന്ത്ര്യത്തിനായുള്ള ഈ സമര വിളംബരത്തിന് വേദിയായത് ഇന്റര്‍ നെറ്റിന്റെ അതിരുകളില്ലാത്ത ലോകമായത് നാളെയുടെ ചരിത്രത്തെ, അതിലെ സൈബര്‍ ഇടങ്ങളുടെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നു.
ആ കൂട്ടായ്മയുടെ കരുത്തിങ്ങ് മാമലകളുടെയും അളങ്ങളുടെയും നാട്ടിലേക്കും കൂടെ.. ഇറോം ശര്‍മ്മിളക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ആഗസ്റ്റ് 26ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരു ഉപവാസ സമരം സംഘടിപ്പിക്കുവാന്‍ മുഖ പുസ്തകത്തിലെ 'സപ്പോര്‍ട്ട് ഇറോം ശര്‍മ്മിള' എന്ന മലയാളി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നു. അന്നേ ദിവസം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഒരു നീണ്ട നിരയെത്തന്നെ ഉറപ്പുവരുത്തുന്നതില്‍ ഈ കൂട്ടായ്മയുടെയും ഐക്യദാര്‍ഡ്യ സമ്മേളനത്തിന്റെയും സംഘാടകര്‍ വിജയിച്ചിരിക്കുന്നുവെന്നത് സാംസ്കാരിക കേരളത്തിന് ഏറെ സന്തോഷത്തിന് വക നല്‍കുന്നൊരു കാര്യമാണ്. വ്യത്യസ്ത ആശയം പുലര്‍ത്തുമ്പോള്‍ തന്നെയും ഒരു നല്ല ലക്ഷ്യത്തിനായ് കൂട്ട്കൂടുകയും കൂടെകൂട്ടുകയും പരസ്പരം പറയുകയും കേള്‍ക്കുകയും ചെയ്യുക എന്നതെല്ലാം ജനാധിപത്യത്തില്‍ അവശ്യം വേണ്ട നല്ല ഗുണങ്ങളില്‍ ചിലത് മാത്രമാണ്. ആ അര്‍ത്ഥത്തില്‍, ഒരു നല്ല പ്രവര്‍ത്തനത്തിന്റെ ഭാഗമായി നില്‍ക്കാനുള്ള മലയാളത്തിന്റെ സന്നദ്ധതയെ നമ്മുടെ ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയായി ഗണിക്കാവുന്നതാണ്. ഈ നല്ല ശ്രമത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന സുഹൃത്ത് രഞ്ജിത്, ഇര്‍ഷാദ്, റഫീഖ്, അഭിലാഷ് തുടങ്ങിയ ബഹുമാന്യ സുഹൃത്തുക്കള്‍ക്ക് ബ്ലോഗുലകത്തിന്റെയും ആദരം .

ഒരുപക്ഷെ, അധികാരഹുങ്കിനോട് അക്രമാസക്തമോ അക്രമരഹിതമോ ആയി ഒരു മനുഷ്യജീവി നടത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും യാതനാനിര്‍ഭരമായ സമരമാണ് ഷര്‍മിളയുടേതെന്ന് പറയാം. കാരണം, അക്രമാസക്തമായ സമരങ്ങളിലെ യാതന ഏതാനും ദിവസങ്ങളിലെ പോലീസ്, പട്ടാള മാര്‍ദ്ദനങ്ങളിലോ അത് എത്തിച്ചേക്കാവുന്ന മരണത്തിലോ ഒടുങ്ങിപ്പോകുന്നു. അക്രമരഹിതമായ നിരാഹാരസമരങ്ങളുടെ ചരിത്രത്തിലെ ദൈര്‍ഘ്യം പരമാവധി അമ്പത്തഞ്ചോ അറുപതോ ദിവസങ്ങള്‍ മാത്രമേ നീണ്ടുനിന്നിട്ടുമുള്ളൂ. ഇവിടെ മനുഷ്യായുസ്സിന്റെ വസന്തകാലമാത്രയും ശരീരചോദനകളോട് ദാരുണമാംവിധം നിരന്തരം ഇടഞ്ഞുകൊണ്ടാണ് അധികാരത്തിന്റെ അനീതികളെ വെല്ലുവിളിക്കാന്‍ ഈ ജീവന്റെ ആത്മബലം പരിശ്രമിക്കുന്നത്. ഈ സഹന സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന, ഇന്നും ഈ ഗാന്ധിയന്സമരത്തോട് മുഖംതിരിഞ്ഞു നില്ക്കുന്ന ഭരണകൂടം ജനകീയവിചാരണ ചെയ്യപ്പെടേണ്ടേ?
ഈ കൂട്ടായ്മ ഉറക്കെ പറയുന്നു.: പട്ടാളവും തീവ്രവാദികളും ഇരു ഭാഗത്തുമായി കളം ഭരിക്കുന്ന മണിപ്പൂരില്‍ അതു അമര്‍ച്ച ചെയ്യുന്നതിന്നായി ഒരു നിയമം ആവശ്യമെങ്കില്‍ അതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, നിലവിലുള്ള നിയമത്തിനു മറവില്‍ നടന്ന അതിഭീകര ലൈംഗീകപീഡനങ്ങളും ക്രൂരതകളും അത്തരം ഒരു നിയമത്തിന്റെ ദുരുപയോഗം ശരിക്കും തുറന്നു കാട്ടുന്നു. ഭര്‍ത്താവിന്റെയും അമ്മമാരുടെയും മുന്നില്‍ വെച്ച് പട്ടാളക്കാരുടെ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്ന പെണ്‍കുട്ടികളുടെ നാട്ടില്‍ അമ്മമാര്‍ പൂര്‍ണ നഗ്നരായി " വരൂ ഇന്ത്യന്‍ പട്ടാളക്കാരെ.. വന്നു ഞങ്ങളെ ബലാല്‍സംഗം ചെയ്യൂ " എന്ന് ഗതികെട്ട് അലറിക്കരയുമ്പോള്‍ ഇടിഞ്ഞു വീണത് എന്റെയും നിങ്ങളുടെയും {ഓരോ ഇന്ത്യന്റെയും} മനസ്സാക്ഷി തന്നെയല്ലേ..? അവിടെ ഞങ്ങള്‍ എതിര്‍ക്കുന്നു. ഈ നിയമത്തെ, അല്ല. ഈ കരിനിയമത്തെ ഈ ചതിയെ, ഭാരതീയരുടെ മാനം നശിപ്പിക്കുന്ന, ലജ്ജ കൊണ്ടവന്റെ തല താഴ്ത്താന്‍ നിര്‍ബന്ധിപ്പിക്കുന്ന ഏതൊരു നിയമത്തെയും ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം, 'മനുഷ്യന്' എന്നത് കുറച്ചു കൂടി ഭേദപ്പെട്ട ഒരു വാക്കാണ്.

'ഈ ഉരുക്ക് വനിതയുടെ' പോരാട്ടം മണിപ്പൂര്‍ ജനതയ്ക്കുവേണ്ടി മാത്രമല്ല. ചൂഷണത്തിന്റെയും അവഗണനയുടെയും അന്യതാബോധത്തിന്റെയും പടുകുഴിയില്‍ ഉഴലുന്ന ആയിരങ്ങളുടെ കണ്ഠനാദമാണത്. ഇത്തരം അനീതികള്‍ക്കെതിരില്‍ ശബ്ദിക്കാതിരിക്കാന്‍ എന്ത് ന്യായമാണ് നമുക്കുള്ളത്. ഓര്‍ക്കുക, അനീതിക്കെരെ ശബ്ദിക്കാതിരിക്കുന്നവന്‍ അവനിനി മദ്യശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്. ഇവിടെ, നമുക്ക് ഒരൊറ്റ മനസ്സോട് കൂടെ തോളോട്തോള്‍ ചേര്‍ന്ന് മുന്നോട്ടു കുതിക്കാം.നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിളവെടുപ്പിനായ് നമുക്ക് ജനാധിപത്യമര്യാദകളെ വിത്തിറക്കാം. കൊടിയുടെ വര്‍ണ്ണമല്ല നമ്മുടെ ഈ ഒത്തു ചേരലിനു പ്രേരകം. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണീ ഒത്തുചേരല്‍. 'ജനാധിപത്യത്തിന്റെ പേരില്‍' അധികാരമേറി മനുഷ്യത്വ വിരുദ്ധത ജീവിതവ്രതമാക്കി മാറ്റിയ, നിരന്തരം നമ്മെ നോക്കി കൊഞ്ഞനം കുത്തുന്ന എല്ലാ അധികാര കേന്ദ്രങ്ങളും പ്രതിഷേധത്തിന്റെ ഈ തിരമാലകളില്‍ ഉലഞ്ഞു തകരട്ടേ.. ഈ സാഗര ഗര്‍ജ്ജനം കേട്ടിട്ടും സ്വസ്ഥമായി ഉറങ്ങാന്‍ ഇക്കൂട്ടര്‍ക്കാവുമോ.?
ഏതൊരു സമരമുഖത്തും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളെ നിരന്തരം അവഗണിക്കാന്‍ ഒരു ജനാധിപത്യ സംവിധാനത്തിനുമാവില്ല എന്നതാണ് സത്യം. കാരണം, അതാതുകാലങ്ങളില്‍ ജനത അനുഭവിക്കുന്ന അസംതൃപ്തിയുടെ ഉറക്കെപ്പറച്ചിലുകളാണ് സമരങ്ങള്‍. അവ സാധാരണ ജനതയുടെ ജനാധിപത്യത്തിലെ ഇടപെടലും പങ്കാളിത്തവും കൂടെയാണ്. അതിനെ തിരസ്കരിക്കുന്നതും നിരോധിക്കുന്നതും ജനാധിപത്യപ്രക്രിയയുടെ പരാജയവും മരണവുമാണ്. അതെ, ഇറോമിനുള്ള നമ്മുടെ പിന്തുണ നമ്മുടെ ജനാധിപത്യാരോഗ്യത്തിന്റെ വീണ്ടെടുപ്പിന്നും കൂടിയുള്ളതാണ്.
പിന് കുറിപ്പ്: ഈ വിവരത്തെ കഴിവതും ആളുകളിലേക്ക് എത്തിക്കുന്നതില്‍, കൂടെ നമ്മുടെ ഗ്രാമങ്ങളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നു.
അന്നേ ദിവസം കോഴിക്കോട് മാനാഞ്ചിറയില്‍ ബ്ലോഗുലകത്തിലെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യവും ആഗ്രഹിക്കുന്നു. സന്നദ്ധരായിട്ടുള്ള ബ്ലോഗര്‍മാരുടെ പേര് വിവരം താഴെ കമന്റ് ബോക്സിലായി രേഖപ്പെടുത്താന്‍ താത്പര്യപ്പെടുന്നു.
------------------------------------------------------------------------------------------------------------------------
സുഹൃത്തുക്കളെ വരുന്ന 26 നു നാം നടത്താന്‍ ഉദ്ദേശിക്കുന്ന ഉപവാസ സമരത്തിന്റെ ധന സമാഹരണം നടത്താന്‍ A M Ahammed Irshad ന്റെ പേരില്‍ ഒരു account തുടങ്ങിയിരിക്കുന്നു നിങ്ങളുടെ സംഭാവനകള്‍ എത്രയും പെട്ടെന്ന് എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു . AHAMMED IRSHAD AM .sb account no ; 1423001300005603 PUNJAB NATIONAL BANK , LINK ROAD CALICUT .
0 comments:
നിങ്ങള്‍ക്കുംപറയാം